കോവിഡ് രോഗികളെ സഹായിക്കാനായി ലിനി റോബോർട്ട്


നിപ രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗ ബാധയേറ്റ് മരിച്ച ലിനിയുടെ സേവനം ആരോഗ്യ കേരളത്തിന് അത്ര പെട്ടെന്ന് മറക്കാനാകില്ല. എന്നാൽ കോവിഡ് മഹാമാരി നാശം വിതയ്ക്കുന്ന കാലത്ത് കരുതലിന്റെ പുതിയ മാലാഖയായി എത്തുന്നത് ലിനി എന്ന റോബോട്ട് ആണ്. ഡോക്ടർമാർക്ക് മുറിയിലിരുന്ന് രോഗികളെ ശ്രദ്ധിക്കാനും ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കാനാണ് ഈ റോബോട്ട്. തിരുവനന്തപുരം സ്വദേ ശികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ് മെഡിക്കൽ രംഗത്ത് നാഴികക്കല്ലാകുന്ന ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. സമ്പർക്കത്തിലൂടെ വ്യാപിക്കുന്ന രോഗങ്ങൾ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരെ സഹായിക്കാനാണ് റോബോട്ട് വികസിപ്പിച്ചത്. ഐസൊലേഷനിൽ കഴിയുന്നവരുമായുള്ള നിരന്തര ബന്ധപ്പെടൽ ഒഴിവാക്കാൻ കഴിയുമെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സമ്പർക്കത്തിലൂടെ രോഗം പകരുമെന്നിരിക്കെ, രോഗികളെ പരിപാലിക്കുന്നവർക്കും രോഗ സാധ്യത ഏറെയാണ്. സമ്പർക്കത്തിലൂടെ വ്യാപിക്കുന്ന രോഗങ്ങൾ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരെ സഹായിക്കാനാണ് റോബോട്ട് വികസിപ്പിച്ചത്.

റോബോട്ടിന്റെ സഹായത്തോടെ ഡോക്ടർമാർക്ക് രോഗികളെ ശ്രദ്ധിക്കാനും കഴിയും. ആഷിക്.എ.എൻ രൂപം നൽകിയ എ ലൈഫ് ടീം എന്ന റോബോട്ടിക് കമ്പനിയുടെ നേതൃത്വത്തിൽ ഇർഫാൻ, അഭിജിത്ത്,ഷാൻ, അക്ഷയ്, ആസിഫ് സുബൈർ, വിവേക്, വിഷ്ണു എന്നിവരാണ് റോബോട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. ഫെബറും സ്റ്റയിൻലെസ്സ് സ്റ്റീലും കൊണ്ട് നിർമിച്ച റോബോട്ട് പൂർത്തിയായത് ലോക്ക്ഡൗൺ തുടങ്ങിയ ആദ്യ ഏഴ് ദിവസം കൊണ്ടാണ്. റോബോട്ടിനു എന്ത് പേര് നൽകണമെന്ന കാര്യത്തിൽ സംശയമുണ്ടായില്ലെന്നും നിപയ്ക്ക് മുന്നിൽ അടിപതറാതെ നിന്ന് ഒരുപാട് ജീവനുകളെ രക്ഷിച്ച നഴ്സസ് ലിനി തന്നെയാണ് അതിന് യോജിച്ചതെന്നും യുവാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനും റോബോട്ടിനെയും അതിന്റെ പ്രവർത്തനങ്ങളെയും വ്യക്തമായി വിവരിച്ചു നൽകിയിരിക്കുകയാണ് ഇവർ. നഴ്സിംഗ് അസിസ്റ്റന്റ്സിനുള്ള അനുവാദം കൂടി കരസ്ഥമാക്കിയാൽ കോവിഡിനെ തടയാൻ ആരോഗ്യ രംഗത്തിനു ലിനി റോബോട്ട് ഒരു മുതൽക്കൂട്ട് ആവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍