കേരളത്തിന് കനത്ത മഴക്കുള്ള ജാഗ്രതാ നിർദേശവുമായി തമിഴ്നാട് വെതർമാൻ!
മഴ കൊണ്ടുള്ള പ്രവചനങ്ങൾ കൊണ്ട് പ്രശസ്തനായ വ്യക്തിയാണ് തമിഴ്നാട് വെതർമാൻ എന്നറിയപ്പെടുന്ന പ്രദീപ് ജോൺ. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാലാവസ്ഥാ വിദദ്ധരിൽ ഒരാളാണ് പ്രദീപ് ജോൺ. വളരെ കൃത്യമായ പ്രവച്ചനങ്ങൾ കൊണ്ട് അതും കൃത്യമായ കണക്കുകളുമായി എല്ലാവരേയും അമ്പരപ്പിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ പ്രവചനങ്ങളിലെ കൃത്യതയാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്.
ഇപ്പോഴിതാ അദ്ദേഹം ഏറ്റവും പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നു. ആഗസ്റ്റ് പകുതി വരെ സംസ്ഥാനത്തെ മലയോരമേഖലയിൽ ശക്താമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒൻപത് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും തമിഴ്നാട് വെതർമാർ അറിയിച്ചിരിക്കുന്നു. 2018,2019 വർഷങ്ങൾക്ക് സമാനമായ രീതിയിൽ ഈ വർഷവും ശരാശരിക്കു മുകളിൽ മഴപെയ്യുമെന്നാണ് പറയുന്നത്. കേരളത്തിന് മാത്രമല്ല, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്ക് കൂടി അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.
അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, 2018, 2019 വർഷങ്ങളുടെ ആദ്യ പകുതിയിൽ കേരളത്തിലും തമിഴ്നാട്ടിലും മഴ ശരാശരിയിലും താഴെയായിരുന്നു. പല മേഖലയിലും വരൾച്ചയും അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ ആഗസ്റ്റ് മാസത്തിൽ പെട്ടന്ന് ശരാശരിയിലും പലമടങ്ങ് അധികം മഴ ലഭിച്ചതോടെയാണ് പ്രളയ സമാനമായ സാഹചര്യം ഉണ്ടായത്. ഈ വർഷവും ഇതേ സാഹചര്യത്തിലേക്കണ് കാര്യങ്ങൾ നീങ്ങുന്നത്.
ആഗസ്റ്റ് ഇരുപത് വരെയുള്ള ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ന്യൂനമർദ്ദം രൂപപ്പെടുമെന്ന് വ്യക്തമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെ സഞ്ചാരദിശ ഒഡീഷ - മധ്യപ്രദേശ് - മഹാരാഷ്ട്ര- ഗുജറാത്ത് എന്നീ പ്രദേശങ്ങളിലേക്കായിരിക്കും. ഇവയുടെ സ്വാധീനം മൂലമാണ് കേരളത്തിലേയും തമിഴ്നാട്ടിലും മഴ ശക്തിപ്പെടുക. തീരപ്രദേശങ്ങളിലടക്കം നന്നായി മഴ പെയ്യുമെങ്കിലും കേരളവും തമിഴ്നാടും അതിരിടുന്ന പശ്ചിമഘട്ട മേഖലയിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഡാമുകൾ വേഗം നിറയുന്നതിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്കും ഇതു കാരണമായേക്കും.
ആഗസ്റ്റ് മൂന്ന് തിങ്കളാഴ്ച മുതൽ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്,തൃശ്ശൂർ, എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ജാഗ്രത വേണം. അതിൽ തന്നെ ആഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെയുള്ള നാല് ദിവസം അതീവ ജാഗ്രത പാലിക്കണം. കാവേരി മേഖലയിൽ കനത്ത മഴ ലഭിക്കാനാണ് സാധ്യത. കബനി നദിയും നിറഞ്ഞൊഴുകും. മേടൂർ ഡാമിൽ നിന്നും തുടർച്ചയായി മൂന്നാം വർഷവും വലിയ തോതിൽ ജലം ഒഴുകി വിടേണ്ടി വന്നേക്കാം. കുടകിലും വയനാട്ടിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാണുന്നത്.
നിലമ്പൂർ, പീരുമേട്, തൊടുപുഴ, പൊന്മുടി, കുറ്റ്യാടി, കക്കയം, തരിയോട്, വൈത്തിരി, പടിഞ്ഞാറെത്തറ, കക്കി ഡാം, പെരിങ്ങൽക്കൂത്ത് ഡാം, ലോവർ ഷോളയാർ, നേര്യമംഗലം, പിറവം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും തമിഴ്നാട് വെതർമാൻ ഇന്നലെ രാത്രിയോടെ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.
- കേരളത്തിൽ ശരാശരി ലഭിക്കുന്ന മഴ - 420 mm
- 2018 - ൽ ലഭിച്ചത് 822 mm
- 2019 - ൽ ലഭിച്ചത് 951 mm
അതേസമയം സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇത് ശക്തമായാല്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. നാളെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. കേരള തീരത്ത് 40 മുതല്‍ 50 കി.മി.വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.