ക്രിക്കറ്റിന്റെ തറവാട്ടിൽ ഇതിഹാസം സൃഷ്‌ടിച്ചു ടീം ഇന്ത്യ
ലോര്‍ഡ്‌സ്: തോൽവിയുടെ വക്കിൽ നിന്ന് ഐതിഹാസിക വിജയത്തിലേക്ക് ഉയർത്തെഴുന്നേറ്റ് വിരാട് കോഹ്‌ലിയും സംഘവും.
ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ 151 റൺസ് ജയവുമായി അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ആവേശം അവസാന മണിക്കൂറിലേക്ക് നീണ്ട അഞ്ചാം ദിനം തുടങ്ങുമ്പോൾ ഇംഗ്ലണ്ടിനായിരുന്നു ജയസാധ്യത. ഇന്ത്യൻ പേസ് ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ ജയം നേടാൻ സഹായിച്ചത്.
തുടക്കത്തിലെ റിഷഭ് പന്തിനെ നഷ്ടമായതോടെ ജയമുറപ്പിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗംഭീര പോരാട്ടം കാഴ്ചവെച്ച ഇന്ത്യൻ വാലറ്റത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മത്സരത്തിൽ മികച്ച ലീഡ് നേടിയെടുക്കാൻ സഹായിച്ചത്. ഇംഗ്ലണ്ട് ബൗളർമാരെ വശം കെടുത്തുന്ന പ്രകടനം പുറത്തെടുത്ത ഷമിയും ബുംറയും കൂടി ഒമ്പതാം വിക്കറ്റിൽ 89 റൺസാണ് കൂട്ടിച്ചേർത്തത്.
അവസാന മണിക്കൂർ വരെ സമനിലക്കായി പൊരുതിയ ഇംഗ്ലണ്ടിനെ ഒടുവിൽ പേസ് കരുത്തിൽ എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി. നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തതോടെയാണ് ഇംഗ്ലണ്ടിന് മത്സരം ജയിക്കാൻ 272 റൺസ് വിജയലക്ഷ്യം നിശ്ചയിക്കപ്പെട്ടത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് പക്ഷെ ഇന്ത്യയുടെ മികച്ച പേസ് ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വരുന്ന കാഴ്ചയാണ് കണ്ടത്. ഇംഗ്ലണ്ട് സ്കോർ രണ്ടക്കം കടക്കും മുൻപ് തന്നെ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണർമാരും പവലിയനിൽ തിരിച്ചെത്തി. ഇരുവർക്കും റൺ ഒന്നും തന്നെ എടുക്കാൻ കഴിഞ്ഞില്ല. റോറി ബേൺസിനെ ബുംറ പുറത്താക്കിയപ്പോൾ മറ്റൊരു ഓപ്പണറായ ഡോം സിബ്ലിയെ ഷമിയാണ് പുറത്താക്കിയത്.
സ്കോർ ഇന്ത്യ 364, 298-8, ഇംഗ്ലണ്ട് 391, 120. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശർമ മൂന്നും ജസ്പ്രീത് ബുമ്ര രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.