പുലയാടി മക്കൾക്കു
പുലയാണു പോലും
പുലയന്റെ മകനോടു
പുലയാണു പോലും
പുലയാടി മക്കളെ പറയുമോ നിങ്ങൾ
പറയനും പുലയനും പുലയായതെങ്ങിനെ?
പറയുമോ പറയുമോ
പുലയാടി മക്കളെ!
പുതിയ സാമ്രാജ്യം പുതിയ സൗധങ്ങൾ
പുതിയ മണ്ണിൽ തീർത്ത പുതിയ കൊട്ടാരം
പുതിയ നിയമങ്ങൾ പുതിയ സുരതങ്ങൾ
പുതുമയെപ്പുൽകിത്തലോടുന്ന വാനം
പുലരിയാവോളം പുളകങ്ങൾ തീർക്കുന്ന
പുലയക്കിടാത്തിതന്നരയിലെ ദുഃഖം
പുലയാണു പോലും പുലയാണു പോലും
പുലയന്റെ മകനോടു പുലയാണു പോലും
പുലയാടി മക്കൾക്കു പുലയാണു പോലും
പതിയുറങ്ങുമ്പോൾ പറയനെത്തേടും
പതിവായി വന്നാൽ പിണമായി മാറും
പറയന്റെ മാറിൽ പിണയുന്ന നേരം
പറകൊട്ടിയല്ലേ കാമം തുടിച്ചു
പുലയാടി മക്കൾക്കു പുലയാണു പോലും
പുലയന്റെ മകനോടു പുലയാണു പോലും
പുലയാടി മക്കൾക്കു പുലയാണു പോലും