രാഖി സാവന്തിന്റെയും ആദിൽ ഖാൻ ദുറാനിയുടെയും തർക്കങ്ങൾ ഏറെക്കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. രാഖിയും ആദിലിന്റെ പഴയ സുഹൃത്തുക്കളും ഒന്നിച്ചതും ആദിൽ ഷെർലിൻ ചോപ്ര, തനുശ്രീ ദത്ത എന്നിവരുമായി സഹകരിച്ചതും പോലെയുള്ള ഞെട്ടിക്കുന്ന വാർത്തകളിലൂടെയാണ് ഇവരുടെ പോര് കടന്നുപോയത്.
ആദിലിന് അടുത്ത വൃത്തങ്ങൾ നൽകുന്ന ഞെട്ടിക്കുന്ന വിവരമനുസരിച്ച്, "മാർച്ച് 2 ന് ജയ്പൂരിൽ വച്ച് ആദിൽ വിവാഹിതനായി. ആഡംബരമില്ലാത്ത ചടങ്ങായിരുന്നു അത്. വിവാഹം രഹസ്യമായി വയ്ക്കാനാണ് ആദിൽ ആഗ്രഹിക്കുന്നത്." ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോൾ, മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ, "ബിഗ് ബോസ് 12 ലെ മത്സരാർത്ഥിയായിരുന്ന സബാ ഖാന്റെ സഹോദരി സോമി ഖാനെയാണ് ആദിൽ വിവാഹം കഴിച്ചത്. നിരവധി വിവാദങ്ങളിൽ ആദിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ വിവാഹം വെളിപ്പെടുത്താൻ ഇരുവരും താൽപ്പര്യപ്പെടുന്നില്ല.”
ജയ്പൂർ സ്വദേശികളായ സോമി ഖാനും സബാ ഖാനും ബിഗ് ബോസ് 12 ന്റെ ഭാഗമായിരുന്നു. ഇപ്പോൾ അഭിനയ രംഗത്ത് സജീവമായി മുംബൈയിലാണ് ഇരുവരും താമസിക്കുന്നത്. ചില പ്രോജക്ടുകളുടെയും മ്യൂസിക് വീഡിയോകളുടെയും ഭാഗമായിട്ടുണ്ട് ഇരുവരും. ദീപിക കക്കറായിരുന്നു ബിഗ് ബോസ് 12 ന്റെ വിജയി. ബിഗ് ബോസ് വേളയിൽ സോമിയും ദീപക് താക്കൂറും തമ്മിലുണ്ടായിരുന്ന അടുപ്പം വലിയ ചർച്ചയായിരുന്നു. എന്നാൽ, തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് സോമി പിന്നീട് വ്യക്തമാക്കിയിരുന്നു.
ആദിലും സോമിയും എങ്ങനെ പരിചയപ്പെട്ടു, എപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, ആദിൽ ഖാൻ സഹോദരിമാർക്കൊപ്പം പാർട്ടികളിൽ പങ്കെടുക്കുന്നത് കണ്ടതായി റിപ്പോർട്ടുകളുണ്ട്.
രാഖി സാവന്ത് ആദിലിനെതിരെ ഫയൽ ചെയ്ത കേസിൽ, സെഷൻസ് കോടതിയിൽ നിന്ന് രാഖിക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം ലഭിച്ചതാണ് ഏറ്റവും പുതിയ വാർത്ത. ആദിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഖി അന്ധേരി കോടതിയിൽ ഹർജി നൽകിയിരുന്നു. അതിൽ മറുപടി ഫയൽ ചെയ്യാൻ ആദിലിന് അവസാന അവസരം നൽകി. അതിന് ഹാജരാകുന്നതിലോ മറുപടി ഫയൽ ചെയ്യുന്നതിലോ പരാജയപ്പെട്ടാൽ വാറണ്ട് പുറപ്പെടുവിക്കുമെന്ന് അന്ധേരി മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചു. ആദിൽ ഖാൻ ദുറാനിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.