താരങ്ങളുടെ സമരത്തിനെതിരെ നിന്ന് സിനിമയെടുത്തപ്പോൾ ഒപ്പം നിന്നത് പൃഥ്വിരാജും തിലകനും ; സംവിധായകൻ വിനയൻ.

nCv
0

താരങ്ങളുടെ സമരത്തിനെതിരെ നിന്ന് സിനിമയെടുത്തപ്പോൾ ഒപ്പം നിന്നത് പൃഥ്വിരാജും തിലകനും ; സംവിധായകൻ വിനയൻ.

Sathyam Malayalam Movie - Prithviraj- Priyamani

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്‍റെയും  നിലപാടിനോട് ചേർന്ന് നിന്ന് താരങ്ങളുടെ സമരത്തിനെതിരായി എടുത്ത ചിത്രമായിരുന്നു "സത്യം" എന്ന് വെളിപ്പെടുത്തി സംവിധായകന്‍ വിനയന്‍.

 മലയാള സിനിമയിലെ താരങ്ങൾ ഒരു സമരമെന്ന രൂപത്തിൽ വിദേശത്തേക്ക് പ്രോഗ്രാം നടത്താൻ പോകുന്ന സമയത്താണ് ചിത്രം ചിത്രീകരിക്കുന്നത്. താരങ്ങൾക്ക് കൊടുക്കുന്ന തുകയ്ക്ക് എഗ്രിമെന്‍റ്  വേണമെന്ന നിർമാതാക്കളുടെ ആവശ്യത്തോടുള്ള താരങ്ങളുടെ എതിര്‍പ്പാണ് താരങ്ങളുടെ അനിഷ്ടത്തിന് കാരണമെന്നും വിനയന്‍ പറഞ്ഞു. 

അന്ന് പൃഥ്വിരാജും തിലകൻ ചേട്ടനുമാണ് തനിക്കൊപ്പം നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം



 സത്യം ഇറങ്ങിയിട്ട് ഇന്നേക്ക് ഇരുപത് വർഷം. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന ഈ വേളയിൽ ഈ ചിത്രത്തെ കുറിച്ച് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സത്യത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പൃഥ്വിരാജും,തിലകൻ ചേട്ടനും, ബേബി തരുണി യുമൊക്കെയുള്ള, പ്രിയാമണി ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രം. മലയാള സിനിമയുടെ രാഷ്ട്രീയം പറയുന്ന, എന്റെ ജീവിതത്തിലെ പ്രതിസന്ധിയും വിലക്കുകളും ഒക്കെ ഓർമ്മപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണിത്.

മലയാള സിനിമയിലെ താരങ്ങൾ ഒരു സമരമെന്ന രൂപത്തിൽ വിദേശത്തേക്ക് പ്രോഗ്രാം നടത്താൻ പോകുന്ന സമയത്ത് ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്സ് അസോസിയേശന്റെയും നിലപാടിനോട് ചേർന്ന് നിന്ന ഞാൻ താരങ്ങളുടെ സമരത്തിനെതിരായി എടുത്ത ഒരു ചിത്രം കൂടിയാണിത്.

അന്ന് നിർമാതാക്കൾ താരങ്ങൾക്ക് കൊടുക്കുന്ന തുകയ്ക്ക് എഗ്രിമെന്റ് ഇല്ലായിരുന്നു. വൻ തുക കൊടുക്കുമ്പോൾ എഗ്രിമെന്റ് വേണമെന്ന് നിർമാതാക്കൾ പറയുകയും, അത് പറ്റില്ല അങ്ങനെയാണെങ്കിൽ വേറെ ഫിലിം ചേംബർ പോലുമുണ്ടാക്കുമെന്ന് താരങ്ങൾ പറയുകയും ചെയ്ത സാഹചര്യത്തിൽ പ്രൊഡ്യൂസേഴ്സ് പറയുന്നതിലാണ് ന്യായമെന്നും എഗ്രിമെന്റ് വേണമെന്ന നിലപാട് ഞാനെടുക്കുകയും ചെയ്തു. 

മറ്റു മേഖലകളിൽ ചെറിയ ഒരു തുക കൈമാറുമ്പോൾ പോലും എഗ്രിമെന്റ് ഉള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഒരു വൻ തുക കൈമാറുമ്പോൾ എഗ്രിമെന്റ് പാടില്ല എന്നാണ് ഞാൻ ചിന്തിച്ചത്. നിർമാതാക്കളുടെയും ഫിലിം ചേംബറിന്റെയും അഭ്യർത്ഥന പ്രകാരം താരങ്ങൾ വിദേശത്തേക്ക് പോകുന്നതിന് മുൻപ് ഒരു സിനിമ ചെയ്യണമെന്ന് അവർ പറയുകയും എന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് ആ ചിത്രം ഞാൻ ഏറ്റെടുക്കുകയും ചെയ്തു.



അന്ന് എഗ്രിമെന്റ് വേണമെന്ന അഭിപ്രായമായിരുന്നു പൃഥ്വിരാജിനും തിലകൻ ചേട്ടനുമുണ്ടായിരുന്നത്. അവരെ കൂടാതെ ചില ആർട്ടിസ്റ്റുകൾ കൂടി മലയാളത്തിൽ നിന്നും വന്നു. പ്രിയാമണി ഉൾപ്പെടെ ബാക്കിയുള്ളവർ തമിഴിൽ നിന്നുമായിരുന്നു. വളരെ കുറച്ച് ദിവസം കൊണ്ട് പ്ലാൻ ചെയ്ത് കഥയും തിരക്കഥയുമെഴുതി ഷൂട്ടിങ് ആരംഭിച്ചു, അങ്ങനെ താരങ്ങളുടെ സമരത്തെ പരാജയപ്പെടുത്തുകയും ചെയ്തു. 

അങ്ങനെ വന്ന എഗ്രിമെന്റ് ആണ് ഇന്ന് മലയാള സിനിമയിൽ തുടരുന്നതെന്നുള്ള സത്യം പുതിയ തലമുറയിലെ എത്ര പേർക്ക് അറിയും എന്നെനിക്കറിയില്ല. അതിനു ശേഷമാണ് ഞാൻ ഈ പറയുന്ന ശത്രുപക്ഷത്തിലേക്ക് മാറുന്നത്. അതൊന്നും മനപ്പൂർവമല്ലായിരുന്നു, എന്റെ നിലപാടായിരുന്നു എഗ്രിമെന്റ് വരുന്നതിൽ കുഴപ്പമൊന്നുമില്ല എന്നുള്ളത്. പൃഥിവിരാജിന് നല്ലൊരു ആക്ഷൻ സ്റ്റാർ എന്ന ലേബൽ ആ ചിത്രം ഉണ്ടാക്കിക്കൊടുത്തു. ഒത്തിരി ഓർമ്മകൾ മനസ്സിൽ വരുന്ന ഒരു ചിത്രമായതുകൊണ്ട് തന്നെ സത്യത്തിന് അതിന്റേതായ പ്രസക്തിയുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!