ആപ്പിൾ ഉപകരണങ്ങൾക്ക് സീരിയസ് സുരക്ഷാ മുന്നറിയിപ്പുമായി CERT-In, ഐഫോണും ഐപാഡും അപകടത്തിൽ
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കായി ഗുരുതരമായ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിങ്ങളുടെ ഉപകരണത്തെ പ്രവർത്തന രഹിതമാക്കാനും സെൻസിറ്റീവ് വിവരങ്ങൾ ആക്സസ് ചെയ്യാനും സുരക്ഷാ നടപടികളെ മറികടക്കാനും ഹാക്കർമാരെ അനുവദിക്കുന്ന സുരക്ഷാ പഴുതുകൾ iOS, iPadOS എന്നിവയിൽ കണ്ടെത്തിയതാണ് മുന്നറിയിപ്പിന് കാരണം.
CERT-In ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാർച്ച് 15-ന് പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച്, ആപ്പിൾ iOS, iPadOS എന്നിവയിൽ ഒന്നിലധികം സുരക്ഷാ പഴുതുകൾ കണ്ടെത്തിയിട്ടുണ്ട്. ഹാക്കർമാർ ഇത് മുതലെടുക്കുന്നതിലൂടെ ഡിവൈസ് തകരാറിലാക്കാനും, ഇഷ്ടമുള്ള കോഡുകൾ പ്രവർത്തിപ്പിക്കാനും, സ്വകാര്യ വിവരങ്ങൾ ആക്സസ് ചെയ്യാനും, സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും സാധ്യതയുണ്ട്.
16.7.6-ന് മുമ്പുള്ള iOS, iPadOS പതിപ്പുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങളെയാണ് ഇത് ബാധിക്കുക. ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ X, ഐപാഡ് 5-ാം തലമുറ, ഐപാഡ് പ്രോ 9.7-ഇഞ്ച്, ഐപാഡ് പ്രോ 12.9-ഇഞ്ച് ഒന്നാം തലമുറ തുടങ്ങിയ ഉപകരണങ്ങളിലെ പഴയ പതിപ്പുകൾ അപകടത്തിലാണ്.
iPhone XS, അതിന് ശേഷമുള്ള മോഡലുകൾ, iPad Pro 12.9-ഇഞ്ച് രണ്ടാം തലമുറയും അതിന് ശേഷമുള്ളവ, iPad Pro 10.5-ഇഞ്ച്, iPad Pro 11-ഇഞ്ച് ഒന്നാം തലമുറയും അതിന് ശേഷമുള്ളവ, iPad Air മൂന്നാം തലമുറയും അതിന് ശേഷമുള്ളവ, iPad 6-ാം തലമുറയും അതിന് ശേഷമുള്ളവ, iPad മിനി 5-ാം തലമുറയും അതിന് ശേഷമുള്ളവ എന്നിവയിലെ v17.4-ന് മുമ്പുള്ള പതിപ്പുകളേയും ബാധിക്കും.
ഇത്തരം സുരക്ഷാ പഴുതുകളിൽ നിന്ന് നിങ്ങളുടെ ഉപകരണങ്ങളെ സംരക്ഷിക്കാൻ നിങ്ങൾക്ക് നിരവധി നടപടികൾ സ്വീകരിക്കാം.
ചെയ്യേണ്ടത്:
- സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക: നിങ്ങളുടെ ആപ്പിൾ iOS, iPadOS ഉപകരണങ്ങൾ ഏറ്റവും പുതിയ പതിപ്പുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നിർമ്മാതാക്കൾ പലപ്പോഴും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നു. അതിനാൽ അപ്‌ഡേറ്റുകൾക്കായി പതിവായി പരിശോധിച്ച് ഇൻസ്റ്റാൾ ചെയ്യുക.
- സുരക്ഷാ പാച്ചുകൾ ഇൻസ്റ്റാൾ ചെയ്യുക: പ്രത്യേകിച്ചും CERT-In പരാമർശിച്ചിരിക്കുന്ന സുരക്ഷാ പഴുതുകൾ പരിഹരിക്കുന്നതിന് ആപ്പിൾ നൽകുന്ന സുരക്ഷാ പാച്ചുകൾ ഉടനെ ഇൻസ്റ്റാൾ ചെയ്യുക.
- സുരക്ഷിതമായ കണക്ഷനുകൾ ഉപയോഗിക്കുക: പൊതു Wi-Fi നെറ്റ്‌വർക്കുകളിലേക്ക് കണക്‌റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവ നിങ്ങളുടെ ഉപകരണത്തിലേക്കുള്ള അനധികൃത ആക്‌സസിന്റെ സാധ്യത വർദ്ധിപ്പിക്കും.
- ടൂ-ഫാക്ടർ ഓതന്റിക്കേഷൻ (2FA) പ്രവർത്തനക്ഷമമാക്കുക: 2FA പോലുള്ള അധിക സുരക്ഷാ പാളി ചേർക്കുന്നത് നിങ്ങളുടെ ക്രെഡൻഷ്യലുകൾ ആരെങ്കിലും നേടിയാലും അനധികൃത ആക്സസ് തടയാൻ സഹായിക്കും.
- ഡൗൺലോഡുകളിൽ ജാഗ്രത പാലിക്കുക: ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള വിശ്വസ്ത സ്രോതസ്സുകളിൽ നിന്ന് മാത്രമേ ആപ്പുകളും സോഫ്‌റ്റ്‌വെയറുകളും ഡൗൺലോഡ് ചെയ്യൂ. അജ്ഞാതമോ സംശയാസ്പദമോ ആയ സ്രോതസ്സുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.
- വേണ്ടപ്പോൾ ഡാറ്റ ബാക്കപ്പ് ചെയ്യുക: സുരക്ഷാ ലംഘനം അല്ലെങ്കിൽ സിസ്റ്റം തകരാർ സംഭവിക്കുന്ന കാര്യത്തിൽ ഡാറ്റ നഷ്‌ടപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിന് നിങ്ങളുടെ പ്രധാനപ്പെട്ട ഡാറ്റയുടെ പതിവ് ബാക്കപ്പുകൾ സൂക്ഷിക്കുക.
- കാലികമായ അറിവ് നേടുക: CERT-In അല്ലെങ്കിൽ Apple പോലുള്ള ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വരുന്ന സുരക്ഷാ അലേർട്ടുകളും ഉപദേശങ്ങളും ശ്രദ്ധിക്കുക. നിങ്ങളുടെ ഉപകരണങ്ങളെ സംരക്ഷിക്കുന്നതിന് സമയബന്ധിതമായ നടപടി സ്വീകരിക്കാൻ ഇത് സഹായിക്കും.